സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസര്‍കോട്ട് ഒരുങ്ങി, സെപ്റ്റംബര്‍ 9ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 
കോവിഡിന് മാത്രമായി  നിര്‍മ്മിച്ച കേരളത്തിലെ ആദ്യ ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചട്ടഞ്ചാലില്‍ ടാറ്റ നിര്‍മ്മിച്ച കോവിഡ് ആശുപത്രിയാണ് സപ്തംബര്‍ 9ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാറിന് കൈമാറുക. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.


 




അഞ്ചേക്കര്‍ ഭൂമിയില്‍ 541 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാല്‍ പുതിയവളപ്പില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിയതായും കൈമാറാന്‍ ഒരുക്കമാണെന്നും ടാറ്റ ഗ്രൂപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു


സംസ്ഥാന സര്‍ക്കാറിനു വേണ്ടി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവാണ് ആശുപത്രി ടാറ്റാ ഗ്രൂപ്പില്‍ നിന്ന് ഏറ്റുവാങ്ങുക. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ എമാരായ കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, എം സി ഖമറുദീന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ അടക്കം ക്ഷണിക്കപ്പെട്ട അന്‍പത് പേര്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് ടാറ്റ കോവിഡ് ആശുപത്രി സംസ്ഥാന സര്‍ക്കാറിന് കൈമാറുക.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു

Comments