പ്ലസ്വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ അവസാനിക്കും

 



പ്ലസ്വണ്‍ ഏകജാലകം വഴി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അപേക്ഷ സ്വീകരിക്കല്‍ നാളെ അവസാനിക്കുമ്‌ബോള്‍ സംസ്ഥാനത്ത് ഒഴിഞ്ഞ് കിടക്കുന്നത് 43,528 സീറ്റുകള്‍. സംസ്ഥാനത്ത് ആകെ 2,22,522 സീറ്റുകളില്‍ 1,78,994 സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തീകരിച്ച് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് സയന്‍സ് വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 21,541 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കൊമേഴ്സ് വിഭാഗത്തില്‍ 12,648 പേരും ഹ്യുമാനിറ്റീസില്‍ 9,339 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നുണ്ട്.

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നത്- 5,318 സീറ്റ്. കോഴിക്കോട് 4,511, തൃശൂര്‍ 4,100, എറണാകുളം 4,074, കണ്ണൂര്‍ 3,506, കോട്ടയം 3,270, പാലക്കാട് 3,068, ആലപ്പുഴ 2,968, പത്തനംതിട്ട 2,783, കൊല്ലം 2,662, തിരുവനന്തപുരം 2,391, ഇടുക്കി 1,979, കാസര്‍കോട് 1,679, വയനാട് 1,219 എന്നിങ്ങനെയാണ് അവസാന കണക്ക്.

എന്നാല്‍, മലപ്പുറം ജില്ലയെ സംബന്ധിച്ച് നിലവിലുള്ള ഒഴിവുകള്‍ പൂര്‍ത്തീകരിച്ചാലും 39,550 വിദ്യാര്‍ഥികള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കേണ്ടി വരും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്. 80,862 അപേക്ഷകരാണ് ആകെ ജില്ലയിലുള്ളത്. ഇവര്‍ക്കായി 41,312 സീറ്റുകള്‍ മാത്രമേ ആകെയുള്ളൂ. നിലവില്‍ സപ്ലിമെന്ററി അലോട്ട്മെന്റ്പൂര്‍ത്തികരിക്കുന്ന മുറക്ക് ഒഴിവുള്ള സീറ്റുകള്‍ നികത്തപ്പെട്ടാലും ഈ പ്രശ്നത്തിന് പരിഹാരമാകില്ല. അപേക്ഷകരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടും സീറ്റ് പൂര്‍ണമല്ല. 48,687 അപേക്ഷകരുള്ള ജില്ലയില്‍ 27,738 സീറ്റുകള്‍ മാത്രമേ ആകെയുള്ളൂ.

43,920 അപേക്ഷകരുമായി മൂന്നാം സ്ഥാനത്തുള്ള പാലക്കാട്ടും 24,355 സീറ്റുകള്‍ മാത്രമാണ് ആകെയുള്ളത്. സംസ്ഥാനത്ത് 4,76,046 അപേക്ഷകരാണ് ആകെയുള്ളത്. ഇവര്‍ക്കായി 2,78,994 സീറ്റുകളാണുള്ളത്. ഈ കണക്ക് വെച്ച് നോക്കുമ്‌ബോള്‍ 1,97,052 പേര്‍ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരും. ഈ മാസം 10 മുതലാണ് സപ്ലിമെന്ററി അലോട്ട്മെന്റ്വഴി ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ സ്വീകരിക്കല്‍ ആരംഭിച്ചത്.
നാളെ വൈകീട്ട് അഞ്ച് വരെ അപേക്ഷ നല്‍കാം. ഓരോ സ്‌കൂളുകളുടെയും ഒഴിവ് വന്ന കോഴ്സ് സീറ്റിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇതുവരെ പ്രവേശനത്തിന് അപേക്ഷിക്കാത്തവര്‍ക്കും എസ് എസ് എല്‍ സി സേ പരീക്ഷ വിജയിച്ചവര്‍ക്കും ഇത്തവണ പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ സൗകര്യമുണ്ട്.

ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും മുഖ്യഘട്ടത്തില്‍ പ്രവേശനം ലഭിച്ചിട്ടും ഹാജരാകാത്തവര്‍ക്കും ഏതെങ്കിലും സീറ്റില്‍ പ്രവേശനം നേടി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (ടി സി)വാങ്ങിയവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാകില്ല.


Comments