ജനുവരിയില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെ പത്ത്, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കു കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള അധിക ക്ലാസുകള്‍ തുടങ്ങി. കുട്ടികള്‍ക്ക് അമിത സമ്മര്‍ദമാകുമെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ മിക്ക ദിവസവും 2 മണിക്കൂര്‍ (4 വിഷയങ്ങള്‍) ക്ലാസ് നല്‍കിയാല്‍ മതിയെന്നാണു തീരുമാനം.
ചുരുക്കം ദിവസങ്ങളില്‍ മാത്രം ഇതു രണ്ടര മണിക്കൂറാകും. (5 വിഷയങ്ങള്‍). ഒരാഴ്ച ക്ലാസുകളുടെ പുരോഗതി വിലയിരുത്തി ആവശ്യമെങ്കില്‍ മാറ്റം വരുത്തും.
പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടക്കാനിരിക്കെയാണ് പ്ലസ് ടു ഡിജിറ്റല്‍ ക്ലാസിന്റെ സമയവും കൂട്ടിയത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു നീട്ടിവച്ച ഇംപ്രൂവ്‌മെന്റ് പരീക്ഷ 18 മുതല്‍ 23 വരെയാണ്. ഒരു ലക്ഷത്തോളം പേരാണ് അപേക്ഷിച്ചിരിക്കുന്നത്. ഫസ്റ്റ് ബെല്ലിനു പുറമേ സ്‌കൂളുകള്‍ നേരിട്ടു നടത്തുന്ന ക്ലാസ് അടിസ്ഥാനത്തിലുള്ള ഡിജിറ്റല്‍ പഠന ഗ്രൂപ്പുകളില്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷാ പരിശീലനം തുടങ്ങിക്കഴിഞ്ഞു.

Comments
Post a Comment