മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു, എണ്‍പത്തിനാല് വയസായിരുന്നു. തലയില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്താനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, ചികിത്സക്കിടെ കോവിഡ് ബാധിക്കുകയും ചെയ്തു, തുടര്‍ന്ന് ആരോഗ്യ നില വഷളായി, വെന്റിലേറ്ററിന്റെ സഹായത്തില്‍ ജീവന്‍ നിലനിര്‍ത്തി പോരുകയായിരുന്നു. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതി ആയിരുന്നു. ദീര്‍ഘകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച മുഖര്‍ജ കേന്ദ്രത്തില്‍ വിദേശകാര്യം, സാമ്പത്തികം, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. രാഷ്ട്രപതിയായി കാലാവധി പൂര്‍ത്തീകരിച്ച ശേഷം ആരോഗ്യപരമായ കാരണങ്ങള്‍ രാഷ്ട്രീയ രംഗത്ത് നിന്നും മാറി നിന്നു. ഭാര്യ സുവ്റ മുഖര്‍ജി 2005ല്‍ അന്തരിച്ചു. മക്കള്‍ ശര്‍മിഷ്ഠ മുഖര്‍ജി, അഭിജിത് മുഖര്‍ജി, ഇന്ദ്രജിത് മുഖര്‍ജി.

പ്രണബ് മുഖര്‍ജിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു



കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയ മുഖര്‍ജി 1969 മുതലാണ് രാഷ്ട്രീയത്തില്‍ സജീവമായത്. കഴിവുകള്‍ തിരിച്ചറിഞ്ഞ ഇന്ദിര ഗാന്ധി മുഖര്‍ജിയെ കൂടെ നിര്‍ത്തി. ഇന്ദിരയുടെ ആശിര്‍വാദത്തോടെ 1969ല്‍ രാജ്യസഭയില്‍ എത്തി. 1999 വരെ തുടര്‍ച്ചയായി 5 തവണ രാജ്യസഭാംഗമായി. ഇന്ദിരഗാന്ധിയുടെ ഭരണകാലത്ത് വ്യാവസായിക സഹമന്ത്രി ആയാണ് തുടക്കം. അടിയന്തരാവസ്ഥകാലത്ത് ഭരണാഘടനവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന ആക്ഷേപം മുഖര്‍ജിക്കെതിരെ ഉയര്‍ന്നിരുന്നു. 1982 മുതല്‍ 84 വരെ ഇന്ദിര ഗാന്ധിയുടെ കാബിനറ്റില്‍ ധനമന്ത്രി ആയി, മുഖര്‍ജിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മന്‍മോഹന്‍ സിംഗിനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് പ്രണബ് മുഖര്‍ജിയാണ്, ഇന്ദിരാഗാന്ധിയുടെ അടുപ്പക്കാരന്‍ ആയിരുന്നത് കൊണ്ട് തന്നെ അവരുടെ അഭാവത്തില്‍ കാബിനറ്റ് യോഗങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് മുഖര്‍ജി ആയിരുന്നു.

ഇന്ദിരഗാന്ധി കൊല്ലപ്പെട്ടതോടെ മുഖര്‍ജി കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ടു, 1986 അദ്ദേഹം കോണ്‍ഗ്രസ് വിട്ട് പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സമാജ്വാദി കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി. ബംഗാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലം പരിശായതോടെ മുഖര്‍ജി വീണ്ടും കോണ്‍ഗ്രസില്‍ എത്തി. രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം പ്രധാനമന്ത്രിയായ നരസിംഹറാവു മുഖര്‍ജിയെ ആസൂത്ര കമീഷന്റെ ഉപാധ്യക്ഷനായി നിയമിച്ചു, തുടര്‍ന്ന് 1995 മുതല്‍ 1996 വരെ റാവു മന്ത്രിസഭയില്‍ വിദേശകാര്യാ മന്ത്രിയായി സേവനം അനുഷ്ഠിച്ചു. ഗാന്ധി കുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മുഖര്‍ജി 98ല്‍ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചു, 2000 മുതല്‍ 2010 വരെ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനം വഹിച്ചു.
2004ല്‍ കോണ്‍ഗ്രസ് തിരിച്ച് വരവ് നടത്തിയപ്പോള്‍ ലോക്സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത് മുഖര്‍ജിയെ ആയിരുന്നു, പ്രധാനമന്ത്രി സ്ഥാനത്തേക്ക് പേര് ഉയര്‍ന്ന് കേട്ടുവെങ്കിലും നറുക്ക് വീണത് മന്‍മോഹന്‍ സിംഗിനായിരുന്നു. 2007 പ്രതിഭ പാട്ടീലിന് പകരം രാഷ്ട്രപതി സ്ഥാനത്തേക്ക് മുഖര്‍ജിയെ പരിഗണിച്ചിരുന്നു, ഭരണരംഗത്തെ നൈപുണ്യം കണക്കിലെടുത്ത് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. രണ്ട് മന്‍മോഹന്‍ സിംഗ് മന്ത്രിസഭയിലുമായി അദ്ദേഹം പ്രതിരോധം, വിദേശകാര്യം, സാമ്പത്തികം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. പാര്‍ട്ടി ഭേദമന്യേ എല്ലാവരുടെയും സ്‌നേഹവും ബഹുമാനവും പിടിച്ച് പറ്റാന്‍ മുഖര്‍ജിക്ക് സാധിച്ചു.

നിയമബിരുദത്തിന് പുറമെ രാഷ്ട്ര തന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ പ്രവേശിക്കും മുന്‍പ് ടെലിഗ്രാഫ്, പോസ്റ്റ്, എന്നീ പത്രങ്ങളില്‍ ക്ലാര്‍ക്ക് ആയും ദേശാര്‍ ഡക്ക് എന്ന പത്രത്തില്‍ റിപ്പോര്‍ട്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2018ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ചെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചത് വന്‍ വിവാദമായിരുന്നു.

Comments