ഉശിരന്‍ കളിയുമായി ധോണിപ്പട ; മുംബൈയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

 ഉശിരന്‍ കളിയുമായി ധോണിപ്പട ; മുംബൈയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്


2020 ഐപിഎല്ലിന്‍റെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയം. 163 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനു അമ്ബാട്ടി റായുഡുവിന്‍റെയും ഫാഫ് ഡൂപ്ലെസിയുടേയും അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 5 വിക്കറ്റ് വിജയത്തിലേക്ക് എത്തിച്ചത്.

മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 163 റണ്‍ 19.2 ഓവറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ലക്ഷ്യം നേടിയെടുത്തു. ബാറ്റിംഗ്, ബോളിംഗ് എന്ന സമസ്ത മേഖലകളിലും ആധികാരികമായി തിളങ്ങിയാണ് ധോണിയുടേയും ടീമിന്‍റെയും വിജയം.




ഷെയ്ന്‍ വാട്ട്സണിനെയും മുരളി വിജയിയേയും തുടക്കത്തിലേ നഷ്ടമായെങ്കിലും ഫാഫ് ഡൂപ്ലസി - അമ്ബാട്ടി റായുഡു കൂട്ടുകെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മെല്ലെ നയിച്ചു. 48 പന്തില്‍ 6 ഫോറും 1 സിക്സും നേടിയാണ് റായുഡു 71 റണ്‍സ് നേടിയത്. മൂന്നാം വിക്കറ്റില്‍ 115 റണ്‍സിന്‍റെ കൂട്ടുകെട്ട് നേടിയാണ് റായുഡു മടങ്ങിയത്. വിജയം വരെ അവസാനം നിന്ന ഡൂപ്ലസിസ് 58 റണ്‍ നേടി.



സര്‍പ്രൈസ് ഫിനിഷിങ്ങ്.

അമ്ബാട്ടി റായുഡു പുറത്തായപ്പോള്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ കാത്തിരുന്നത് ധോണിയെ. എന്നാല്‍ എല്ലാവരെയും അത്ഭുതരാക്കി എത്തിയത് ജഡേജ. 5 പന്തില്‍ 2 ഫോര്‍ നേടി 10 റണ്‍സുമായി ജഡേജ പുറത്തായതിനു ശേഷം എത്തിയത് സാം കുറാന്‍. 6 പന്തില്‍ 1 ഫോറും 2 സിക്സും അടക്കം 18 റണ്‍ നേടിയാണ് സാം കുറാന്‍ മടങ്ങിയത്. പിന്നീട് വിക്കറ്റ് നഷ്ടപ്പെടാതെ ഫാഫ് ഡൂപ്ലസി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിജയത്തിലേക്ക് നയിച്ചു.

മുംബൈ ഇന്ത്യന്‍സിനു വേണ്ടി ബോള്‍ഡ്, പാറ്റിന്‍സണ്‍, ബൂംറ, ക്രുണാല്‍ പാണ്ട്യ, ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്സ്.





നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് ഇറങ്ങിയ രോഹിത് ശര്‍മ്മയും ഡീകോക്കും അനായാസം ബൗണ്ടറികള്‍ കണ്ടെത്തി. ദീപക്ക് ചഹറിനും എന്‍ഗീഡിക്കും പിച്ചില്‍ നിന്നും ആനുകൂല്യം ലഭിക്കുന്നില്ലെന്ന് മനസ്സിലായ ധോണി പീയൂഷ് ചൗളയെ പന്തേല്‍പ്പിച്ചു.

ധോണിയുടെ തീരുമാനം ശരിവച്ച്‌ പീയൂഷ് ചൗള ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി. ചൗളയെ കൂറ്റനടിക്ക് ശ്രമിച്ച രോഹിത് സാം കുറാന്‍റെ കൈകളില്‍ ഒതുങ്ങി. 12 റണ്‍സെടുത്ത രോഹിത്തിനു പിന്നാലെ ഡീകോക്കും മടങ്ങി. 20 പന്തില്‍ 5 ഫോര്‍ സഹിതം 33 റണ്‍സ് നേടിയാണ് ഡീകോക്ക് മടങ്ങിയത്.



തുടര്‍ച്ചയായി വിക്കറ്റ് നഷ്ടപ്പെട്ട മുംബൈ ഇന്ത്യന്‍സിനെ സൂര്യകുമാര്‍ യാദവ് - സൗരഭ് തിവാരി സംഖ്യം നയിച്ചു. സൂര്യ കുമാര്‍ യാദവ് 17 റണ്‍ നേടിയപ്പോള്‍ ഇഷാന്‍ കിഷാന് പകരം ടീമിലെത്തിയ തിവാരിയായിരുന്നു ടീമിന്‍റെ ടോപ്പ് സ്കോറര്‍. 31 പന്തില്‍ 3 ഫോറും 1 സിക്സും നേടി 42 റണ്ണാണ് സൗരഭ് തിവാരി നേടിയത്.

പരാജയപ്പെട്ട ഓള്‍റൗണ്ടര്‍മാര്‍

കൂറ്റനടിക്ക് പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഓള്‍റൗണ്ടര്‍മാര്‍ പരാജയപ്പെട്ടത് മുംബൈ ഇന്ത്യന്‍സിനെ വലിയ സ്കോര്‍ എത്തിക്കുന്നതില്‍ നിന്നും തടഞ്ഞു. ക്രീസില്‍ എത്തിയപ്പോള്‍ തന്നെ രണ്ട് സിക്സ് നേടി മികച്ച തുടക്കം ലഭിച്ചെങ്കിലും, മറ്റൊരു സിക്സ് ശ്രമം ഫാഫ് ഡൂപ്ലെസിയുടെ കൈകളില്‍ ഒതുങ്ങി. ക്രുണാല്‍ പാണ്ട്യയുടെ ഒരു സിക്സ് ശ്രമം ബൗണ്ടറി ലൈനില്‍ ഫാഫ് ഡൂപ്ലസി പിടിച്ചെടുത്തി. പൊള്ളാര്‍ഡിനെ പുറത്താക്കി എന്‍ഗീഡിയും ചെന്നൈക്ക് മത്സരത്തില്‍ മുന്‍തൂക്കം നല്‍കി.


വാലറ്റത്തും സംഭാവന നല്‍കാന്‍ ആരും ഇല്ലാത്തതോടെ മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സില്‍ ഒതുങ്ങി. ചെന്നൈ സൂപ്പര്‍ കംഗ്സിനു വേണ്ടി എന്‍ഗീഡി 3 വിക്കറ്റ് വീഴ്ത്തി. ദീപക്ക് ചഹര്‍, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഓരോ വിക്കറ്റ് പീയൂഷ് ചൗളയും സാം കുറാനും പങ്കിട്ടു.

അടുത്ത മത്സരം എപ്പോള്‍ ?

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ അടുത്ത മത്സരം 22ാം തീയതി രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ്. 23ാം തീയതി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെയാണ് മുംബൈ ഇന്ത്യന്‍സ് അടുത്ത മത്സരത്തില്‍ നേരിടേണ്ടത്.

Comments