അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിന് മേല്‍ എഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. 143 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കളത്തിലിറങ്ങിയ കൊല്‍ക്കത്ത18 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കുക ആയിരുന്നു. നേരത്തെ രണ്ട് മത്സരങ്ങള്‍ക്ക് ഇറങ്ങിയ കൊല്‍ക്കത്ത ഈ സീസണില്‍ നേടുന്ന ആദ്യ വിജയമാണിത്. യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ചുറിക്കരുത്തിലാണ് കൊല്‍ക്കത്തയുടെ വിജയം. തകര്‍ത്തുകളിച്ച ശുഭ്മാന്‍ ഗില്‍ 62 പന്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്നു.
കൊല്‍ക്കത്തയുടെ ബൗളര്‍മാരുടെ മികച്ച ഫോമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് വേണ്ടി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുമെന്ന് തോന്നിയെങ്കിലും മികച്ച രീതിയില്‍ ബൗള്‍ ചെയ്ത പാറ്റ് കമ്മിന്‍സ് ഈ കൂട്ടുകെട്ട് പൊളിച്ചു. ഒരു തകര്‍പ്പന്‍ ഇന്‍സ്വിങ്ങറിലൂടെ കമ്മിന്‍സ് ബെയര്‍സ്റ്റോയെ ബൗള്‍ഡാക്കി. പിന്നീട് ക്രീസിലെത്തിയ മനീഷ് പാണ്ഡെ വാര്‍ണറുമായി ചേര്‍ന്ന് പതിയെ ഇന്നിങ്സ് കരകയറ്റാന്‍ ശ്രമിച്ചു. 30 പന്തുകളില്‍ നിന്നും 36 റണ്‍സുമായി വാര്‍ണര്‍ പുറത്തായി.
പിന്നീടെത്തിയ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ. കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ കരുതലോടെ പാണ്ഡെയ്‌ക്കൊപ്പം നിന്നു. ആദ്യത്തെ പത്തോവറില്‍ 61 റണ്‍സ് മാത്രമാണ് സണ്‍റൈസേഴ്സിന് നേടാനായത്. പിന്നീട് ശ്രദ്ധയോടെ കളിച്ച ഇരുവരും സണ്‍റൈസേഴ്സ് സ്‌കോര്‍ 100 കടത്തി. മോശം ബോളുകള്‍ കണ്ടെത്തി ബൗണ്ടറികള്‍ പായിച്ച് മനീഷ് പാണ്ഡെയാണ് സ്‌കോറിങ്ങില്‍ മുന്നില്‍ നിന്നത്. ഇരുവരും ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. അതിനിടയില്‍ 35 പന്തുകളില്‍ നിന്നും പാണ്ഡെ അര്‍ധ സെഞ്ചുറി നേടി. താരത്തിന്റെ പതിനാറാം ഐ.പി.എല്‍ അര്‍ധ സെഞ്ചുറിയാണിത്. എന്നാല്‍ അര്‍ധ സെഞ്ചുറി നേടിയ ഉടന്‍ തന്നെ പാണ്ഡെയുടെ വിക്കറ്റ് സണ്‍റൈസേഴ്സിന് നഷ്ടമായി. ആന്ദ്രെ റസ്സലാണ് വിക്കറ്റെടുത്തത്.പിന്നാലെ സാഹയം കളം വിട്ടു.
143 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ആറു റണ്‍സെടുത്ത് നില്‍ക്കെത്തന്നെ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നുമെടുക്കാതെ സുനില്‍ നരെയ്ന്‍ പുറത്തായി. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ ക്യാച്ചെടുത്താണ് നരെയ്‌നെ പുറത്താക്കിയത്. എന്നാല്‍ നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും ബൗണ്ടറികള്‍ കണ്ടെത്തിത്തുടങ്ങിയതോടെ കൊല്‍ക്കത്തയുടെ ആശങ്കയൊഴിഞ്ഞു. 13 പന്തില്‍ 26 റണ്‍സെടുത്ത് നിതീഷ് റാണ പുറത്തായി. ടി. നടരാജന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സാഹ ക്യാച്ചെടുത്താണ് റാണയെ മടക്കിയത്. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക് പൂജ്യത്തില്‍ മടങ്ങി.
നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നാണ് ടീമിനെ കരയ്ക്കടിപ്പിച്ചത്. ഖലീല്‍ അഹമ്മദെറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ഫോറുകള്‍ നേടി നിതീഷ് റാണ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. എന്നാല്‍ സണ്‍റൈസേഴ്സിന്റെ നടരാജന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ റാണ പുറത്തായി. പിന്നാലെ വന്ന കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിനും കാര്യമായി ഒന്നും ചെയ്യാനായില്ല. ദിനേഷ് കാര്‍ത്തിക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി റാഷിദ് സണ്‍റൈസേഴ്സിന് കളി അനുകൂലമാക്കി. ഒരു റണ്‍സ് പോലും നേടാതെയാണ് ക്യാപ്റ്റന്‍ മടങ്ങിയത്. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീഴുമ്ബോഴും സ്‌കോര്‍ താഴാതെ ടീമിനെ താങ്ങി നിര്‍ത്തിയത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ്. പിന്നീട് ക്രീസിലെത്തിയ ഇംഗ്ലീഷ് താരം ഇയന്‍ മോര്‍ഗന്‍ വളരെ ശ്രദ്ധയോടെയാണ് കളിച്ചത്.
ഒരറ്റത്ത് നന്നായി ബാറ്റുവീശിയ ഗില്ലിന് അവസരങ്ങള്‍ നല്‍കുന്നതിലാണ് മോര്‍ഗന്‍ ശ്രദ്ധിച്ചത്. സിംഗിളുകള്‍ നേടി മോശം പന്തുകള്‍ ബൗണ്ടറി കടത്തി ഇരുവരും കൊല്‍ക്കത്തയുടെ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. ഇതിനിടയില്‍ ശുഭ്മാന്‍ ഗില്‍ അര്‍ധശതകം പൂര്‍ത്തിയാക്കി. വിക്കറ്റുകള്‍ നല്‍കാതെ അവസരോചിതമായി കളിച്ച ഗില്ലും മോര്‍ഗനുമാണ് കൊല്‍ക്കത്തയ്ക്ക് അനായാസ വിജയം നേടിക്കൊടുത്തത്. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ഷോട്ടുകള്‍ കളിച്ച മോര്‍ഗന്‍ വിജയം വേഗത്തിലാക്കി. മോര്‍ഗന്‍ 29 പന്തുകളില്‍ നിന്നും പുറത്താവാതെ 42 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 92 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ് തെരെഞ്ഞെടുക്കുകയായിരുന്നു. ഈ സീസണില്‍ ഇതാദ്യമായാണ് ടോസ് ജയിക്കുന്ന ക്യാപ്റ്റന്‍ ബാറ്റിങ് തെരെഞ്ഞെടുക്കുന്നത്. വലിയ മാറ്റങ്ങളോടെയാണ് ഇരുടീമുകളും ഇറങ്ങിയത്.

Comments
Post a Comment