ജെഇഇ-നീറ്റ് പരീക്ഷ; പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: (www.studentsvmedia.com 04.09.2020) കൊവിഡ് വ്യാപനം ശക്തമായി നിലനില്‍ക്കെ ജെഇഇ-നീറ്റ്  പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാറിന് അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച് പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ബി ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാരാണ് സുപ്രീകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതില്‍ കോടതിയുടെ ഉത്തരവ് പരാജയപ്പെട്ടുവെന്നും മന്ത്രിമാര്‍ നേരത്തെ ആരോപിച്ചിരുന്നു.



പശ്ചിമ ബംഗാള്‍ ( മൊളോയ് ഘട്ടക്), ഝാര്‍ഖണ്ഡ് (രാമേശ്വര്‍ ഒറാവോണ്‍), രാജസ്ഥാന്‍ (രഘു ശര്‍മ), ഛത്തീസ്ഗഢ് (അമര്‍ജീത് ഭഗത്), പഞ്ചാബ് (ബി എസ് സിദ്ധു), മഹാരാഷ്ട്ര (ഉദയ് രവീന്ദ്ര സാവന്ത്) എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാരാണ് ഹര്‍ജിക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ ഭരിക്കുന്ന പുതുച്ചേരിയും ഹര്‍ജിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു.

നേരത്തെ ആഗസ്റ്റ് 17 ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിയത്. പ്രവേശന പരീക്ഷകളില്‍ ഇടപെടാന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. കൊവിഡ് കാലത്തും ജീവിതം മുന്നോട്ട് പോകണമെന്നും പകര്‍ച്ചവ്യാധി മൂലം വിദ്യാര്‍ത്ഥികള്‍ക്ക് വിലയേറിയ ഒരു വര്‍ഷം നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്നുമായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്.

സെപ്റ്റംബര്‍ 1 മുതല്‍ സെപ്തംബര്‍ 6 വരേയാണ് നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സി ജെഇഇ മെയിന്‍ പരീക്ഷകള്‍ നടത്തുന്നത്. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 ന് നടക്കും. എന്നാല്‍ പരീക്ഷയ്ക്ക് ഹാജരാകേണ്ട വിദ്യാര്‍ത്ഥികളുടെ സുരക്ഷ നിറവേറ്റുന്നതില്‍ സുപ്രീം കോടതി ഉത്തരവ് പരാജയപ്പെടുന്നതായി അഭിഭാഷകന്‍ സുനില്‍ ഫെര്‍ണാണ്ടസ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാനങ്ങള്‍ പറയുന്നു.


Comments