സൂപ്പര്‍ ഓവറില്‍ റബാഡ ഷോ, കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

 സൂപ്പര്‍ ഓവറില്‍ റബാഡ ഷോ,  കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്


ഐപിഎല്‍ രണ്ടാം മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഡല്‍ഹി വിജയം കുറിച്ചത്. ഇരു ടീമുകളും 157 റണ്‍സ് വീതം നേടിയതോടെയാണ് കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്‍്റെ ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബിന് സൂപ്പര്‍ ഓവറിലേക്ക് ആയുസ് നീട്ടി നല്‍കിയത്. 55/5, 101/6 എന്ന നിലയില്‍ തോല്‍വി ഉറപ്പിച്ച പഞ്ചാബിനെയാണ് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ പെട്ട ഒരു ഇന്നിംഗ്സിലൂടെ അഗര്‍വാള്‍ രക്ഷപ്പെടുത്തിയെടുത്തത്.



ഭേദപ്പെട്ട നിലയില്‍ തുടങ്ങിയ കിംഗ്സ് ഇലവനു വേണ്ടി മായങ്ക് അഗര്‍വാളും ലോകേഷ് രാഹുലും ചേര്‍ന്ന് 30 റണ്‍സിന്‍്റെ കൂട്ടുകെട്ടുയര്‍ത്തി. 21 റണ്‍സെടുത്ത രാഹുലിന്‍്റെ കുറ്റി പിഴുത മോഹിത് ശര്‍മ്മയാണ് ഡല്‍ഹിക്ക് ആദ്യ ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്. പിന്നീട് കൂട്ടപ്പൊരിച്ചിലായിരുന്നു. കരുണ്‍ നായര്‍ (1), നിക്കോളാസ് പൂരാന്‍ (0), ഗ്ലെന്‍ മാക്സ്‌വല്‍ (1) എന്നിവര്‍ വേഗം മടങ്ങി. ആറാം ഓവറില്‍ കരുണിനെ പൃഥ്വി ഷായുടെ കൈകളിലെത്തിച്ച അശ്വിന്‍ പൂരാന്‍്റെ കുറ്റി തെറിപ്പിച്ചു. മാക്സ്‌വല്‍ റബാഡയുടെ പന്തില്‍ ശ്രേയാസ് അയ്യരുടെ കൈകളില്‍ അവസാനിച്ചു.

അഞ്ചാം വിക്കറ്റില്‍ സര്‍ഫറാസ് ഖാനുമായി ചേര്‍ന്ന് അഗര്‍വാളിന്‍്റെ 20 റണ്‍സ് കൂട്ടുകെട്ട്. അക്സര്‍ പട്ടേലിനെ കൂറ്റനടിക്ക് ശ്രമിച്ച്‌ സര്‍ഫറാസ് (12) പുറത്തായി. ആറാം വിക്കറ്റില്‍ ക്രീസിലെത്തിയ കൃഷ്ണപ്പ ഗൗതം ചില കൂറ്റന്‍ ഷോട്ടുകളുമായി അഗര്‍വാളിനൊപ്പം 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14 പന്തുകളില്‍ 20 റണ്‍സെടുത്ത ഗൗതം റബാഡയുടെ പന്തില്‍ ഋഷഭ് പന്തിന്‍്റെ കൈകളില അവസാനിച്ചു. ഒരു വശത്ത് വിക്കറ്റുകള്‍ ഓരോന്നായി കടപുഴകുമ്ബോഴും പിടിച്ചു നിന്ന അഗര്‍വാള്‍ ഇതിനിടെ 45 പന്തുകളില്‍ ഫിഫ്റ്റി തികച്ചു.





മോഹിത് ശര്‍മ്മ എറിഞ്ഞ 18ആം ഓവറില്‍ രണ്ട് സിക്സര്‍ അടക്കം 17 റണ്‍സടിച്ച അഗര്‍വാള്‍ കിംഗ്സ് ഇലവനു പ്രതീക്ഷ നല്‍കി. റബാഡ എറിഞ്ഞ 19ആം ഓവറില്‍ 13 റണ്‍സ്. അവസാന ഓവറില്‍ വിജയിക്കാന്‍ 13 റണ്‍സ്. അവസാന ഓവര്‍ എറിയാനെത്തിയത് സ്റ്റോയിനിസ്. ആദ്യ പന്ത് തന്നെ അഗര്‍വാള്‍ ഗാലറിയിലെത്തിച്ചു. രണ്ടാം പന്തില്‍ ഡബിള്‍. മൂന്നാം പന്തില്‍ ഒരു ബൗണ്ടറി. ജയിക്കാന്‍ മൂന്ന് പന്തില്‍ ഒരു റണ്‍. നാലാം പന്ത് ഡോട്ട്. അഞ്ചാം പന്തില്‍ അഗര്‍വാള്‍ പുറത്ത്. കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച അഗര്‍വാള്‍ ഹെട്മെയറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 60 പന്തുകളില്‍ 7 ബൗണ്ടറിയും നാല് സിക്സറും സഹിതം 89 റണ്‍സിന്‍്റെ ഐതിഹാസിക ഇന്നിംഗ്സിനൊടുവിലാണ് അഗര്‍വാള്‍ മടങ്ങിയത്. 56 റണ്‍സിന്‍്റെ കൂട്ടുകെട്ടാണ് ഏഴാം വിക്കറ്റില്‍ ജോര്‍ഡനുമായി അഗര്‍വാള്‍ കെട്ടിപ്പടുത്തത്. ഇതില്‍ ജോര്‍ഡന്‍്റെ സംഭാവന വെറും അഞ്ച് റണ്‍സായിരുന്നു. അവസാന പന്തില്‍ ക്രിസ് ജോര്‍ഡന്‍ റബാഡയുടെ കൈകളില്‍ അവസാനിച്ചു. കളി സൂപ്പര്‍ ഓവറിലേക്ക്.

ഡല്‍ഹിക്കായി റബാഡ പന്തെറിഞ്ഞപ്പോള്‍ കിംഗ്സ് ഇലവനു വേണ്ടി ക്യാപ്റ്റന്‍ ലോകേഷ് രാഹുലും നിക്കോളാസ് പൂരാനും ബാറ്റിംഗിനിറങ്ങി. ആദ്യ പന്തില്‍ ഡബിളോടിയ രാഹുല്‍ ര്‍ണ്ടാം പന്തില്‍ അക്സര്‍ പട്ടേലിനു ക്യാച്ച്‌ സമ്മാനിച്ച്‌ പുറത്തായി. അടുത്ത പന്തില്‍ പൂരാന്‍ കുറ്റി തെറിച്ചു മടങ്ങി. കിംഗ്സ് ഇലവന്‍്റെ വിജയ ലക്ഷ്യം മൂന്ന് റണ്‍സ്. ഷമി എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനിറങ്ങിയത് ശ്രേയാസ് അയ്യരും ഋഷഭ് പന്തും. ആദ്യ പന്തില്‍ പന്തിനു റണ്‍ എടുക്കാനായില്ല. രണ്ടാം പന്ത് വൈഡായി. അടുത്ത പന്തില്‍ ഡബിളോടിയ പന്ത് ഡല്‍ഹിക്ക് അനായാസ ജയം സമ്മാനിച്ചു.


Comments