'ബുംറ' കൊടുങ്കാറ്റില്‍ കടപുഴകി രാജസ്ഥാന്‍; വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുംബൈ; രാജസ്ഥാനെ മുട്ടുകുത്തിച്ചത് 57 റണ്‍സിന്
അബുദാബി: രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 57 റണ്‍സ് ജയം. 194 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് 18.1 ഓവറില്‍ 136 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ റണ്‍സ് ഒന്നുമെടുക്കാതെ പുറത്തായപ്പോള്‍ തന്നെ രാജസ്ഥാന്‍ അപകടം മണത്തു. പിന്നാലെയെത്തിയ സ്റ്റീവ് സ്മിത്ത്(6) നിലയുറപ്പിക്കാനാകാതെ മടങ്ങി. പ്രതീക്ഷയോടെ ക്രീസിലെത്തിയ സഞ്ജു സാംസണും പൂജ്യത്തിന് പുറത്തായതോടെ രാജസ്ഥാന്‍ പരാജയം മുന്നില്‍ കണ്ടു. എന്നാല്‍ തോല്‍ക്കാന്‍ മനസില്ലാതെ ജോസ് ബട്‌ലര്‍ ഫോമിലേയ്ക്ക് ഉയര്‍ന്നു. ഒരറ്റത്ത് റണ്‍ റേറ്റ് ഉയര്‍ത്തി മുംബൈയ്ക്ക് ഭീഷണി സൃഷ്ടിച്ച ബട്‌ലര്‍ 44 പന്തില്‍ 70 റണ്‍സെടുത്ത ശേഷമാണ് പുറത്തായത്.
മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ബൂമ്ര 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, ജയിംസ് പാറ്റിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ രാഹുല്‍ ചഹറും കീറോണ്‍ പൊള്ളാര്‍ഡും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

Comments
Post a Comment