സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ കൊവിഡ് മാനദണ്ഡം അനുസരിച്ച് നടക്കും. കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട് എന്നാലും രോഗ വ്യാപനം വര്‍ധിച്ചതിനാല്‍ ഇളവ് നല്‍കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
ചില സൂപ്പര്‍ മാര്‍ക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ആവശ്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കാണുന്നില്ലെന്നും മുഖ്യമന്ത്രി. ഇവിടെയെത്തുന്നവര്‍ കൈയുറയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ സാധനങ്ങള്‍ എടുത്തു നോക്കുന്നതും കൈയിലെടുത്ത് പരിശോധിക്കുന്നതുമായ രീതി കണ്ടുവരുന്നുണ്ട്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് സംശയിക്കുന്നവരില്‍ ആന്റ്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂടി നടത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് കൃത്യതയുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ല്‍ താഴെ നിര്‍ത്തുന്നതിന് ആവശ്യമായ ശക്തമായ നടപടികള്‍ എല്ലാ ജില്ലകളിലും സ്വീകരിക്കും. ഗര്‍ഭിണികള്‍ക്കും ഡയാലിസിസ് വേണ്ടവര്‍ക്കും കൊവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തില്‍ ആവശ്യമായ ചികിത്സാ സൗകര്യം വിലയിരുത്തുന്നതിനും അതിനനുസരിച്ച് ബെഡ്ഡുകള്‍ തയാറാക്കുന്നതിനും നിര്‍ദേശം നല്‍കി. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വേണ്ട രീതിയില്‍ ബെഡ്ഡുകള്‍ തയാറാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Comments
Post a Comment