ആന്ധ്രയില്‍ സ്‌കൂള്‍ തുറന്നത് തിരിച്ചടിയായി; 160 അധ്യാപകര്‍ക്കും 262 വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്‌കൂളുകള്‍ തുറന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ 262 വിദ്യാര്‍ഥികള്‍ക്കും 160 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ മാര്‍ച്ചില്‍ അടച്ചിട്ട ആന്ധ്രയിലെ സര്‍ക്കാര്‍ സ്‌കൂളുകളും കോളേജുകളും നവംബര്‍ രണ്ട് മുതലാണ് തുറന്നത്.

ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിച്ചത്. ഒമ്പത്, പത്ത് ക്ലാസുകളിലായി 9.75 ലക്ഷം വിദ്യാര്‍ഥികളാണുള്ളത്. ഇതില്‍ 3.93 ലക്ഷം വിദ്യാര്‍ഥികളാണ് ബുധനാഴ്ച സ്‌കൂളില്‍ ഹാജരായത്. 1.11 ലക്ഷം അധ്യാപകരില്‍ 99,000 അധ്യാപകരും സ്‌കൂളിലെത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഇതിലാണ് 262 വിദ്യാര്‍ഥികള്‍ക്കും 160 അധ്യാപകര്‍ക്കും രോഗം സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ കമ്മീഷണര്‍ വി. ചിന്ന വീരഭദ്രുഡു വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നാല് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തി. ഇതില്‍ 262 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് 0.1 ശതമാനം പോലുമില്ല. സ്‌കൂളില്‍ എത്തിയതുകൊണ്ടാണ് വിദ്യാര്‍ഥികള്‍ക്ക് രോഗം പിടിപെട്ടതെന്ന് പറയുന്നത് ശരിയല്ല. ഓരോ ക്ലാസുകളിലും 15-16 വിദ്യാര്‍ഥികളെ മാത്രമേ ഇരുത്തുന്നുള്ളുവെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി



Comments