പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി 4-ന് തുറക്കും

 


തിരുവനന്തപുരം: കൊവിഡ് വ്യാപിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒമ്പത് മാസമായി അടച്ചിട്ടിരുന്ന സസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കും. ഇതുസംബന്ധിച്ചുള്ള അന്തിമ ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി.

ക്ലാസുകള്‍ ആരംഭിക്കുന്നത് ഈ വിഭാഗത്തിന്

അധ്യായന നഷ്ടം പരിഹരിക്കാന്‍ ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കുമെന്നും മന്ത്രി പറഞ്ഞു. കോളേജുകള്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ 50 ശതമാനത്തില്‍ താഴെ ഹാജരോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് കോളേജുകള്‍ പ്രവര്‍ത്തിക്കുക. ലോ, മ്യൂസിക്, ആര്‍ട്‌സ് ആന്റ് സയന്‍സ്, ഫൈന്‍ ആര്‍ട്‌സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍, പോളിടെക്‌നിക്ക് കോളേജുകളിലും ബന്ധപ്പെട്ട സര്‍വ്വകലാശാലകളിലും അഞ്ച്/ആറ് സെമസ്റ്റര്‍ ബിരുദ/പി ജി ക്ലാസുകളാണ് ആരംഭിക്കുന്നത്.

അണുമുക്തമെന്ന് ഉറപ്പാക്കണം

സാങ്കേതിക സര്‍വ്വകലാശാലയും കൊച്ചിന്‍ സര്‍വ്വകലാശാലയും സമാന രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത്. ഇതിനുള്ള സമയക്രമം നിശ്ചയിക്കണം. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ 28 മുതല്‍ കോളേജുകളില്‍ ഹാജരായി ക്ലാസ് മുറികളും ലാബുകളും ഹോസ്റ്റലുകളും അണുമുക്തമാണെന്ന് ഉറപ്പാക്കണം. ലാബിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഉറപ്പാക്കണം. അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണം.

ഹാജര്‍ നിര്‍ബന്ധമാക്കരുത്

രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് കോളേജുകളുടെയും സര്‍വ്വകലാശാലകളുടെയും പ്രവര്‍ത്തന സമയം. ആവശ്യമെങ്കില്‍ രണ്ട് ഷിഫ്റ്റുകളിലായി പ്രിന്‍സിപ്പലിന് സമയക്രമം തയ്യാറാക്കാം. ലാബുകളിലെ പരിശീലനത്തിനും ഓണ്‍ലൈന്‍ ക്ലാസുകളില്‍ വരാത്തതുമായ പ്രധാന പാഠഭാഗങ്ങള്‍ ഊന്നിയായിരിക്കണം ക്ലാസുകള്‍. ക്ലാസ് മുറികളില്‍ സാമൂഹിക അകലം പാലിച്ച് ഇരിപ്പിടമൊരുക്കണം, ഈ സമയം ഹാജര്‍ നിര്‍ബന്ധമാക്കരുത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ശാരീരിക അകലം പാലിക്കല്‍, മാസ്‌ക്, കൈകള്‍ അണുമുക്തമാക്കല്‍ എന്നിവ ഉറപ്പുവരുത്തണം. താപനില പരിശോധന നിര്‍ബന്ധമല്ല. ശാരീരിക അകലം പാലിച്ചാണ് ഹോസ്റ്റലുകളും മെസുകളും പ്രവര്‍ത്തിക്കേണ്ടത്. 10 ദിവസത്തിനു ശേഷം ക്രമീകരണങ്ങള്‍ വിലയിരുത്തുകയും കാമ്പസിലെ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് അയക്കുകയും വീട്ടിലുള്ള വിദ്യാര്‍ത്ഥികളെ അധ്യയനത്തിനും ലാബ് പരിശീലനത്തിനുമായി കോളേജുകളിലേക്ക് ക്ഷണിക്കുകയുമാവാം. എണ്ണത്തില്‍ കുറവാണെങ്കില്‍ പിജി, ഗവേഷക വിദ്യാര്‍ത്ഥികളെ കാമ്പസുകളില്‍ തുടരാന്‍ അനുവദിക്കാം.


Comments