പ്ലസ്ടു പാഠങ്ങള്‍ പൂര്‍ത്തിയാകാത്ത ആശങ്കയില്‍ വിദ്യാര്‍ഥികള്‍; അടുത്തമാസം പൂര്‍ത്തിയാക്കി റിവിഷന്‍ തുടങ്ങുമെന്ന് അധികൃതര്‍

കൊച്ചി: പ്ലസ് ടു പാഠങ്ങള്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കി റിവിഷന്‍ തുടങ്ങുമെന്ന വിദ്യാഭാസ വകുപ്പിന്റെ അറിയിപ്പ് കുട്ടികളിലും അധ്യാപകരിലും ആശങ്ക സൃഷ്ടിക്കുന്നു. ഇതുവരെ പൂര്‍ത്തിയായത് പകുതിയില്‍ താഴെ പാഠഭാഗങ്ങള്‍ മാത്രം. ആറുമാസം കൊണ്ട് തീര്‍ത്ത പാഠഭാഗങ്ങളെക്കാള്‍ അധികം ഇനിയുള്ള രണ്ടുമാസം കൊണ്ട് തീര്‍ക്കണം.

പ്ലസ് ടു വിദ്യാര്‍ഥികളുടെ വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള പഠന സമയം പരമാവധി കൂട്ടി ലക്ഷ്യം പൂര്‍ത്തിയാക്കാനാണ് ശ്രമം. കുറഞ്ഞ സമയത്തില്‍ ഏറെ പാഠഭാഗങ്ങള്‍ ഒന്നിച്ച് പഠിപ്പിക്കുമ്പോള്‍ അത് എത്രത്തോളം ഗുണം ചെയ്യുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. സിലബസ് കുറയ്ക്കില്ലെന്ന് നേരത്തെതന്നെ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ മാത്സിലെ 13 പാഠഭാഗങ്ങളില്‍ പൂര്‍ത്തിയായത് അഞ്ച് പാഠം മാത്രമാണ്. കെമിസ്ട്രി 16ല്‍ നാലും ഫിസിക്‌സ് 15ല്‍ മൂന്നും ഭാഗങ്ങളാണ് വിക്ടേഴ്‌സില്‍ പൂര്‍ത്തിയായത്. മറ്റു വിഷയങ്ങളുടെ കണക്കും ഇതേപോലെ തന്നെ.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേണലിസം, സോഷ്യല്‍ വര്‍ക്ക്, ഹ്യുമാനിറ്റീസിലെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഗാന്ധിയന്‍ സ്റ്റഡീസ് തുടങ്ങി അധിക സ്‌കൂളുകളിലില്ലാത്ത വിഷയങ്ങളുടെ ക്ലാസുകള്‍ എങ്ങുമെത്തിയിട്ടില്ല. ജനുവരിയില്‍ സ്‌കൂളുകളില്‍ ക്ലാസ് ആരംഭിക്കുമെന്നാണ് വിവരം. അപ്പോള്‍ ലാബ് അടക്കമുള്ള പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങണം. ഓണ്‍ലൈന്‍ ക്ലാസുകളെ അടിസ്ഥാനമാക്കിയുള്ള റിവിഷനും നല്‍കണം. തുടര്‍ന്ന് വാര്‍ഷിക പരീക്ഷയും നടക്കും.

കുട്ടികളുടെ നിലവാരം നഷ്ടമാകുമെന്ന കാരണത്താലാണ് സിലബസ് കുറയ്ക്കാതിരുന്നത്. എന്‍ട്രന്‍സ് പരീക്ഷകളുടെ കാര്യവും പരിഗണിച്ചു. എന്നാല്‍, മുഴുവന്‍ സിലബസും കുറഞ്ഞ സമയത്തില്‍ എങ്ങനെ പൂര്‍ത്തിയാക്കും എന്നതില്‍ അധ്യാപകരും ആശങ്കയിലാണ്. വിക്ടേഴ്‌സിനെ മാത്രം ആശ്രയിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ സാധാരണക്കാരായ കുട്ടികളെയാകും ഇത് ഏറെ ബാധിക്കുക. പഠിക്കാവുന്നതിലും അധികം വിഷയങ്ങള്‍ കുറഞ്ഞ കാലയളവില്‍ പഠിച്ച് അവര്‍ പരീക്ഷയെ നേരിടേണ്ടി വരും


 

Comments