ന്യൂഡല്‍ഹി:വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം തയ്യാറാക്കി. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെയായിരിക്കണം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സ്‌കൂള്‍ ബാഗ് നയം ശുപാര്‍ശ ചെയ്യുന്നു.
രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പരമാവധി തൂക്കം 22 കിലോ ഗ്രാം ആണ്. അതിനാല്‍ അവരുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം രണ്ട് കിലോ ഗ്രാമില്‍ കൂടാന്‍ പാടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന പുതിയ സ്‌കൂള്‍ ബാഗ് നയത്തില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. പ്ലസ് ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാരം 35 മുതല്‍ 50 കിലോ വരെ ആയതിനാല്‍ സ്‌കൂള്‍ ബാഗുകളുടെ ഭാരം അഞ്ച് കിലോ ഗ്രാമില്‍ അധികമാകരുതെന്നും നയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനുള്ള ചില നിര്‍ദേശങ്ങളും നയത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പുസ്തകം നിശ്ചയിക്കുമ്പോള്‍ അതിന്റെ ഭാരം കൂടി അധ്യാപകര്‍ കണക്കിലെടുക്കണം. എല്ലാ പുസ്തകങ്ങളിലും പ്രസാധകര്‍ ഭാരം രേഖപ്പെടുത്തണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള ഉച്ചഭക്ഷണവും കുടിവെള്ളവും സ്‌കൂളുകളില്‍ തന്നെ ഉറപ്പാക്കണം. അങ്ങനെയായാല്‍ ചോറ്റുപാത്രവും വെള്ളക്കുപ്പിയും ബാഗിന്റെ ഭാഗമായി സ്‌കൂളില്‍ കൊണ്ടുവരുന്നത് ഒഴിവാക്കാം. ഇത് സ്‌കൂള്‍ ബാഗുകളുടെ ഭാരവും വലുപ്പവും കുറയ്ക്കാന്‍ സഹായകരമാകുമെന്നും നയം ചൂണ്ടിക്കാട്ടുന്നു.
മദ്രാസ് ഹൈക്കോടതി 2018-ല്‍ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ ഉള്ള നയം രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍സിഇആര്‍ടിയിലെ പാഠ്യപദ്ധതി വിഭാഗം മേധാവി രഞ്ജന അറോറയുടെ നേതൃത്വത്തില്‍ നയം രൂപീകരിക്കാന്‍ വിദഗ്ത സമിതി രൂപവത്കരിച്ചിരുന്നു. രാജ്യത്തെ 350-ഓളം സ്‌കൂളുകളിലായി 3000 രക്ഷാകര്‍ത്താക്കളിലുംം 3600 വിദ്യാര്‍ത്ഥികളിലും സര്‍വ്വേ നടത്തിയാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. നയത്തിന്റെ പകര്‍പ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അയച്ചുകൊടുത്തിട്ടുണ്ട്.

Comments
Post a Comment