SSLC, +2 പാഠഭാഗങ്ങള്‍ കുറച്ചില്ലെങ്കില്‍ സമ്മര്‍ദമേറും

 
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സിബിഎസ്ഇ മാതൃകയില്‍ സിലബസ് കുറയ്ക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ പത്ത്, പ്ലസ്ടു പരീക്ഷകള്‍ക്കുള്ള പാഠഭാഗങ്ങള്‍ കുറയ്ക്കണമെന്ന് ആവശ്യമുയരുന്നു. ഡിജിറ്റല്‍ ക്ലാസുകള്‍ വഴി മുഴുവന്‍ പാഠഭാഗങ്ങളും പഠിക്കുന്നതു കുട്ടികള്‍ക്ക് അമിതഭാരമാകുമെന്നു രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാട്ടുന്നു.

ഇന്നുമുതല്‍ 10,12 ക്ലാസുകാര്‍ക്ക് പഠനസമയം കൂട്ടുന്നതിലും എതിര്‍പ്പുണ്ട്. അവധി പോലുമില്ലാതെ കുട്ടികള്‍ തുടര്‍ച്ചയായി 2 മാസത്തോളം ഡിജിറ്റല്‍ ക്ലാസുകളിലിരിക്കുന്നത് മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നാണു പരാതി.


എന്‍ട്രന്‍സ് പരിശീലനവും ട്യൂഷന്‍ ക്ലാസുകളുമൊക്കെയായി മിക്കവര്‍ക്കും വിശ്രമിക്കാന്‍ പോലും സമയമില്ലാത്ത സ്ഥിതിയാകും. പത്താം ക്ലാസില്‍ ഏതാണ്ട് 50 % പാഠഭാഗങ്ങളേ തീര്‍ന്നിട്ടുള്ളൂ; പ്ലസ്ടുവില്‍ 40 % മാത്രം.

പുതിയ സമയക്രമീകരണത്തിലൂടെ ജനുവരിയില്‍ ക്ലാസുകള്‍ തീര്‍ക്കാനാണു വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം. എന്നാല്‍, ഇതു പ്രായോഗികമല്ലെന്ന് അധ്യാപകര്‍ പറയുന്നു. പ്രാക്ടിക്കല്‍ ക്ലാസുകള്‍ എങ്ങനെ പൂര്‍ത്തിയാക്കുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. സ്‌കൂളുകള്‍ ഭാഗികമായെങ്കിലും തുറന്നാലേ ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിനു തീരുമാനമെടുക്കാനാകൂ. അതിനനുസരിച്ച് വാര്‍ഷിക പരീക്ഷയും വൈകും.



Comments